Showing posts with label Unposted Letters. Show all posts
Showing posts with label Unposted Letters. Show all posts

Tuesday, October 8, 2013

..::..ഓര്‍മ്മക്കുറിപ്പ്‌..::..

പ്രിയ്യപ്പെട്ട ഇഹ്തിയാണ്ടര്‍,

കാലം മായ്ക്കാത്ത മുറിവുകളില്ലെന്നൊരു ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ട്.. പക്ഷെ ചില മുറിവുകള്‍, ഓര്‍മകളായി വന്നു എന്നും നമ്മെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും.. ഇനിയൊരിക്കലും നിന്നിലെക്കൊരു
മടങ്ങിവരവ് ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.. പക്ഷെ, വിധി വീണ്ടും എന്നെ നിന്‍റെ ഓര്‍മകളുടെ തുരുത്തില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്...

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്, പഴയൊരു  ഓട്ടോഗ്രാഫ് ബുക്ക്‌ മറിച്ചു നോക്കുന്നതിനിടയില്‍ മനോഹരമായ കൈപ്പടയില്‍ നീ എഴുതിയ അപൂര്‍ണമായ ഓട്ടോഗ്രാഫ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പൂര്‍ണമായൊരു
ഓട്ടോഗ്രാഫ് ഉടന്‍ പ്രതീക്ഷിക്കുക എന്ന് നീ അതിലെഴുതിയിരുന്നു..

ഇഹ്തിയാണ്ടര്‍, ഓരോ കുറിപ്പും ഓരോ ഓര്‍മകളാണെന്നു നിന്നെക്കാള്‍ നന്നായി ആര്‍ക്കാണ്‌ അറിയുക. .എന്നിട്ടും ഇത്ര കാലമായിട്ടും ആ അപൂര്‍ണതയെ നീ പൂര്‍ണമാക്കിയില്ലാലോ.. N.S.മാധവന്‍റെ
"ശര്‍മ്മിഷ്ട" എന്ന കഥയിലെ ഒരു ചെറിയ ഭാഗം ഞാനിവിടെ കുറിക്കട്ടെ..

***യയാതി തല കുലുക്കിയപ്പോള്‍ ഞാന്‍ അദേഹത്തിനോട് ചേര്‍ന്ന് നിന്നു. യയാതിയുടെ ഹൃദയം പേടി കൊണ്ട് മിടിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു.

"എന്തിനാ  ചിരിക്കുന്നത്"?

"അത് പിന്നെ പറയാം". അത് ഞങ്ങളുടെ ബന്ധത്തിലെ പല പല അര്‍ധോക്തികളില്‍ ഒന്നാമത്തേതായിരുന്നു.***




ആ കഥയിലെ പോലെ, അര്‍ധോക്തികളില്‍ നിര്‍ത്തിയ , നീ പിന്നീട് പറയാമെന്നു പറഞ്ഞ ഒരുപാടു കാര്യങ്ങളുടെ അപൂര്‍ണതയില്‍ കെട്ടിപ്പടുത്ത ഒരു സൗഹൃദമായിരുന്നു നമ്മുടേത്.. എന്നിരുന്നാലും,
കഴിഞ്ഞുപോയ  ആ നല്ല കാലത്തിലേക്ക്‌ , നിന്‍റെ വാകുകളിലൂടെ, അക്ഷരങ്ങളിലൂടെ തിരിച്ചു പോകാന്‍ ആ ഓട്ടോഗ്രാഫ്നു സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.. അര്‍ധോക്തികളില്‍ നിന്നുപോയ പല
കാര്യങ്ങളില്‍ ഒന്നായി ആ ഓര്‍മ്മക്കുറിപ്പും മാറരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

നീ ആ ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിരുന്നു,

" ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്ക് മാത്രം"

അതെ, ഞാന്‍ ഓര്‍മ്മിക്കുന്നു.. അന്നും ഇന്നും, കൊഴിഞ്ഞുപോയ ഒരു വസന്തകാലത്തെ.. അത് അക്ഷരങ്ങളായി പകര്‍ത്തിയ ഓര്‍മ്മപ്പുസ്‌ത്തകത്തെക്കുറിച്ച് നീ പറഞ്ഞത്‌ സത്യമാണെന്ന് വിശ്വസിച്ചുകൊണ്ട് , നിന്നില്‍ നിന്നും മറുപടി പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.

സ്നേഹപൂര്‍വ്വം,

ഗുറ്റിയേറെ

Thursday, June 6, 2013

Like the flowing river

പ്രിയ്യപ്പെട്ടെ സഹീര്‍,

    നിന്നെ "സഹീര്‍" എന്ന് അഭിസംബോധന ചെയ്യുന്നതെന്തിനെന്നു നീ അമ്പരക്കുന്നുണ്ടാകും.. ഞാനീയിടെ Paulo Coelhoയുടെ സഹീര്‍ എന്ന പുസ്തകം വായിക്കുകയുണ്ടായി..

പ്രശസ്തനായൊരു എഴുത്തുകാരന്‍ ഒരു ദിവസം അപ്രത്യക്ഷയായ തന്‍റെ ഭാര്യയെ അന്വേഷിക്കുന്നതാണ് കഥാതന്തു.. അതിനുമുപരിയായി ഈ അന്വേഷണം പ്രണയത്തിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലെക്കുള്ള സഞ്ചാരമാകുന്നു.. ആ പുസ്തകം വായിച്ചപ്പോള്‍, ഈ കഥയിലെവിടെയോ ഞാനും നീയുമുള്ളതായി എനിക്ക് തോന്നി..

    ഇപ്പോള്‍ നിന്‍റെ മുഖത്തെ അമ്പരപ്പ് വര്‍ധിക്കുന്നതെനിക്ക് കാണാം.. നീ കരുതുന്നുണ്ടാകും, ഓര്‍മിക്കുവാന്‍ മാത്രം നമുക്കിടയില്‍ ഒന്നുമില്ലല്ലോയെന്നു.. 

ശരിയാണ്, ഒരേ ദിശയില്‍ ഒഴുകിയിരുന്ന പുഴകള്‍ ഒരുനാള്‍ എവിടെയോ വച്ച് കണ്ടുമുട്ടി, കുറച്ചു ദൂരം ഒരുമിച്ചു ഒഴുകി, വീണ്ടും വേര്‍പിരിഞ്ഞു ഒഴുകാന്‍ തുടങ്ങിയത് പോലെയാണ് നമ്മുടെ ജീവിതം... ഒരുമിച്ചു ഒഴുകിയ
ആ നാളില്‍ നമ്മള്‍ കണ്ടില്ലെന്നു നടിച്ച ആ കുമിളകള്‍ക്ക് നമ്മോട് പറയാന്‍ എന്തൊക്കെയോ ഉണ്ടായിരുന്നെന്നു എനിക്കിപ്പോള്‍ മനസിലായി... കേട്ടിട്ടും കേള്‍ക്കാതെ പോയവ...

    നിനക്കോര്‍മയുണ്ടോ ഒരു സായാന്ഹത്തില്‍ നമ്മള്‍ ആ വയല്‍ വരമ്പിലേക്ക് നടക്കാന്‍ പോയത്‌.. കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയിലെ ആ പച്ചപ്പു എനിക്കൊരുപാടിഷ്ടമായിരുന്നു.. അതുകൊണ്ട് തന്നെ ആ സായാന്ഹ സവാരിയും ഞാനേറെ ഇഷ്ടപ്പെടുന്നു...

വെള്ളത്തിന്‌ നടുവിലൂടെയുള്ള ആ കരിങ്കല്‍ പാതയിലിരുന്നു സന്ധ്യ മാഞ്ഞു നിലാവ് പരക്കുന്നതും നോക്കി നമ്മളൊരുപാട് സംസാരിച്ചു...

നിലാവെളിച്ചത്തില്‍ ആ ജലപ്പരപ്പില്‍ ചന്ദ്രബിംബം പതിയവേ നമ്മള്‍ താണ്ടിയത് അപരിചിതത്വതില്‍ നിന്നും പരിചിതത്തിലേക്കുള്ള ദൂരമായിരുന്നു...




    പക്ഷെ ഒരേ ദിശയില്‍ ഒഴുകുമ്പോഴും, വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളില്‍, ഒരു പുഞ്ചിരിയില്‍ നമ്മള്‍ ആ സൗഹൃദമൊതുക്കി..ഞാനെവിടെയോ വായിച്ചതോര്‍ക്കുന്നു "The bitterest tears are shed over the graves for the words left unsaid and deeds left undone"..

ഒരുനാള്‍ എന്‍റെ കല്ലറയ്ക്കു മുകളില്‍ പെയ്യുന്ന മഴത്തുള്ളികള്‍, പറയാതെ പോയ വാക്കുകളുടെ നൊമ്പരം പേറരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു.. അതിനാല്‍ നിന്നെത്തേടി, സഹീറിനെത്തേടി, അക്ഷരങ്ങളിലൂടെ ഞാനിയും വരും... എന്‍റെ ഹൃദയത്തിന്‍റെ ഇടനാഴിയിലേക്ക്‌ നിന്നോടൊത്തു വീണ്ടും നടക്കാന്‍...

"കാണാതെ പോയ്‌ നീ നിനക്കായ്‌
ഞാനെന്‍റെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍...
ഒന്ന് തൊടാതെ പോയ്‌ നീ നിനക്കായ്‌
ഇന്നും തുടിക്കുമെന്‍ തന്ത്രികള്‍.."

            സ്നേഹപൂര്‍വ്വം,
                എസ്തര്‍
               

Monday, May 21, 2012

With Lots Of Love...

പ്രിയ്യപ്പെട്ട ഇഹ്തിയാണ്ടര്‍‍,

ഇന്നലെ രാത്രി അവിചാരിതമായി വീണ്ടും മഴ പെയ്തു.. ഒരു ശീല്‍ക്കാര ശബ്ദത്തോടെ പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ വീണ്ടും നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നിലുണര്‍ത്തി.. കാരണം മഴ നിനക്ക് അത്രയ്ക്കിഷ്ടമായിരുന്നല്ലോ. ഒരു കുടയകലത്തില്‍ മാറ്റി നിര്‍ത്തിയിരുന്ന മഴത്തുള്ളികളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയത് നിന്നിലൂടെയായിരുന്നു.. 

മഴയ്ക്കെന്നുമൊരു പ്രണയിനിയുടെ ഭാവമായിരുന്നു.. എന്തോ പറയാന്‍ വെമ്പുന്ന ഒരു പ്രണയിനി... ഇപ്പോള്‍ ഈ മഴയ്ക്ക് നിന്നോടെന്തോ പറയാനുണ്ട്,എനിക്കും..



നിനക്കോര്‍മയുണ്ടോ,കഴിഞ്ഞ മഴക്കാലത്ത്‌ നമ്മള്‍ കണ്ടുമുട്ടിയത്‌.. നിന്നെ കാണാന്‍ വേണ്ടിയുള്ള ആ യാത്രയില്‍ എന്‍റെ സഹായാത്രികയായ്‌ മഴ ഒപ്പമുണ്ടായിരുന്നു,ഒരു കവിത മൂളിക്കൊണ്ട്...

"നീയുള്ളിടത്
ഒരിക്കലും എത്തരുതെ എന്നാണ്
എന്റെ പ്രാര്‍ത്ഥന
നിന്നെ കാണുന്നതിനേക്കാള്‍
എനിക്കിഷ്ടം
നിന്നെ കാണാന്‍ വരുന്ന
ഈ യാത്ര..."

അതെ,ആ യാത്ര എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു.. ഒരുപാട് നാളായി പറയാന്‍ കാത്തു വെച്ചതെല്ലാം നിന്നെ അറിയിക്കാനുള്ള യാത്ര...

    മഴത്തുള്ളികള്‍ ചിന്നിചിതറുന്ന വഴിയിലൂടെ പതിയെ നടന്നു നീങ്ങുമ്പോള്‍ ആദ്യം സംസാരിച്ചത്‌ നീയായിരുന്നു;നിന്‍റെ മനസ്സായിരുന്നു..ഏതോ ഒരു ശ്യാമ മേഘത്തില്‍ നിന്‍റെ ഹൃദയം കൊരുതിരിക്കുന്നുവെന്നു നീ പറഞ്ഞപ്പോള്‍ ആ മഴയോടൊപ്പം ഞാനും അലിഞ്ഞില്ലാതാവുകയായിരുന്നു.... പറയാന്‍ കാത്തുവച്ചതെല്ലാം അന്ന് ആ മഴയില്‍ ഒലിച്ചു പോയി... അന്ന് ഞാന്‍ പറയാന്‍ ബാക്കിവെച്ചത് കേള്‍ക്കാതെ,അറിയാതെ,മങ്ങിയൊരു മഷിച്ചിത്രമായ്‌ നീ അകലേക്ക്‌ പോയി മറഞ്ഞു...
    
പക്ഷെ ഇന്ന് ഈ നനുത്ത രാത്രിയും,പെയ്തൊഴിഞ്ഞ ആകാശവും എന്നെ നിന്റെ ഓര്‍മകളുടെ പടവില്‍ കൊണ്ടെത്തിച്ചിരിക്കുന്നു... നിനക്ക് വേണ്ടി അവസാനമായി എന്‍റെ തൂലിക ചലിപ്പിച്ചുകൊണ്ട്,നിന്റെ ആകാശത്ത്‌ പെയ്യാതെ ഞാനും വിട പറയുന്നു..

"മരം പെയ്യുന്ന വഴിയിലൂടെ,
ഒരു മഷിചിത്രമായ്‌,
ഒടുവിലൊരു ബിന്ദുവായ്‌,
അവന്‍ മറയവേ;
പറയാന്‍ മോഹിച്ചതെല്ലാം,
ഒരു മിഴിനീര്‍തുള്ളിയില്‍,
അവള്‍ കൊരുത്തുവെച്ചു"...
                                                                                                                                                      സ്നേഹപൂര്‍വ്വം ,
                                                                                                                                                                       ഗുറ്റിയേറെ.

~aThI@~